കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നിരുന്നുവെന്നും, ഇനി മുതല്‍ എല്ലാ ലൊക്കേഷനുകളിലും ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന് അറിയിച്ചു.
‘സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളില്‍ നടപടി ഉണ്ടാവും. പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. എക്സൈസ് ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാല്‍ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്പോട്ടുകളിലും പൊലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റ കൈവശമുണ്ട്. മുന്‍പ് കേസില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെ വിവരമുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാവില്ല. സിനിമാ മേഖലയില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് സംബന്ധിച്ച് സൂചനയില്ലെങ്കിലും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ല’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിട്ടും വിട്ടില്ലെന്ന നടന് ടിനി ടോമിന്റെ പ്രസ്താവന വിവാദങ്ങള്‍ക്കിടയാക്കിരുന്നു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ, മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി പറഞ്ഞു.

