ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമേ സ്വീകരിച്ച നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിര്‍ദേശങ്ങള്‍ മാനിച്ച് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്ത്. മേഘമലയിലുള്ള അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് ആന നടത്തുന്ന ദീര്‍ഘ നടത്തങ്ങള്‍. അരിക്കൊമ്പന്‍ കാട്ടില്‍ വിഹരിക്കുകയാണ്. ചിന്നക്കനാല്‍ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്കകള്‍ ഇപ്പോള്‍ മേഘമലയിലാണ്. പക്ഷേ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇപ്പോള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നില്ല. തമിഴ്നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആനയെ ഉള്‍ക്കാട്ടിലേക്ക് വിടാനാണ് ശ്രമിക്കുന്നത്. ഒട്ടും ഗൗരവം കുറയ്ക്കാതെ നിരീക്ഷണം തുടരുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ കേരളം തമിഴ്നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളില്ല. മാതൃകാപരമായ പ്രവര്‍ത്തനമാണ് വനം വകുപ്പ് നടത്തിയത്. ദൗത്യ സംഘത്തിലെ മുഴുവന്‍ പേരെയും കോടതി അഭിനന്ദിച്ചു. എന്നാല്‍, ഇതിന് വേണ്ടരീതിയില്‍ മാധ്യമ ശ്രദ്ധ കിട്ടിയില്ല’- മന്ത്രി വ്യക്തമാക്കി.

