നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ പ്രചാരണം കൊഴുപ്പിച്ച് ദേശീയ നേതാക്കൾ; പ്രചാരണ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി കോൺഗ്രസും ബിജെപിയും

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ പ്രചാരണം കൊഴുപ്പിച്ച് ദേശീയ നേതാക്കൾ. കോൺഗ്രസിന്റെയും ബിജെപിയുടെ നേതാക്കൾ വലിയ പ്രചാരണമാണ് കർണാടകയിൽ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ബിജെപി പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ബംഗളുരുവിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. രാവിലെ പത്ത് മണിയ്ക്ക് ജെ പി ഏഴാം നഗർഘട്ടത്തിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മല്ലേശ്വരത്തെ സാങ്കി റോഡിലാണ് റോഡ് ഷോ അവസാനിച്ചത്. 26 കിലോമീറ്റർ നീണ്ട റോഡ് ഷോ മൂന്നു മണിക്കൂർ കൊണ്ട് പൂർത്തിയായി.

ബംഗളുരു സൗത്ത്, സെൻട്രൽ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹൻ തുടങ്ങിയവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്. ഇന്നും ബംഗളൂരു നഗരത്തിൽ നരേന്ദ്രമോദിയുടെ 10 കിലോമീറ്റർ റോഡ് ഷോ നടക്കും. നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.

അതേസമയം, രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ളവരാണ് കർണാടകയിൽ കോൺഗ്രസിനായി പ്രചാരണ രംഗത്തുള്ളത്. ഉത്തര കർണാടകയിലെ ഹുബ്ബള്ളിയിൽ വൻ പൊതുസമ്മേളനത്തിൽ എത്തിയ സോണിയാ ഗാന്ധി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കർണാടകയിൽ ബിജെപി തോറ്റാൽ സംസ്ഥാനത്തിന് മോദിയുടെ ആശീർവാദമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ എന്താണ് ഈ നാട്ടിലെ ജനങ്ങളെക്കുറിച്ച് കരുതിയിരിക്കുന്നതെന്ന് സോണിയ ഗാന്ധി ചോദിച്ചു.