തിരുവനന്തപുരം: കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വർഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ആ പൂതിയൊന്നും ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സംസ്ഥാനത്തിന്റെ വികസനത്തിലാണ് സർക്കാരിന്റെ താത്പര്യം. എന്നാൽ, ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന് യുഡിഎഫിന്റെ ദുസ്ഥിതിയിൽ ഒന്നും ചെയ്യാനില്ല. യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത് കയ്യിലിരിപ്പാണ്. 2021 ൽ എന്തൊക്കെ കോലാഹലങ്ങളായിരുന്നു, എന്നിട്ട് എന്തു സംഭവിച്ചുവെന്ന് അദ്ദേഹം ചോദിക്കുന്നു.
ജനങ്ങൾ ഒന്നാകെ എൽഡിഎഫിന്റെ കൂടെ നിന്നു. 2021 ൽ സർക്കാർ വന്ന് ആഴ്ച്ചകൾ കഴിഞ്ഞില്ല, അതിനു മുന്നേ എതിർപ്പ് ഉയർത്തി. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക ഒന്നും ഏൽക്കുന്നില്ല. യുഡിഎഫ് സംസ്‌ക്കാരത്തിലല്ല എൽഡിഎഫ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതിൽ തൃപ്തനല്ല. കേരളത്തിനു വേണ്ടത് അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ്. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

