തിരുവനന്തപുരം: യുഎഇ സന്ദർശനത്തിൽ നിന്ന് വിട്ടു നിൽക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ്. മുഖ്യമന്ത്രിയ്ക്കും സംഘത്തിനും യുഎഇ സന്ദർശനത്തിന് കേന്ദ്രാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയും വിട്ടുനിൽക്കുന്നത്. അബുദാബിയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയതായി ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. അദ്ദേഹത്തിന് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. നോർക്ക-ടൂറിസം-ഐടി സെക്രട്ടറിമാരായിരിക്കും അബുദാബിയിലെ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടി യുഎഇയിലേക്ക് പോകുന്നത്.
അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് മീറ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിയ്ക്കും ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ, ഇൻവെസ്റ്റ്മെന്റ് മീറ്റിന് നേരിട്ട് പങ്കെടുക്കേണ്ടവിധം പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ മെയ് എട്ടു മുതൽ പത്തു വരെയുള്ള തീയതികളിലായാണ് ഇൻവെസ്റ്റ്മെന്റ് മീറ്റ് നടക്കുന്നത്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നത്.

