ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് നാേട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള പരസ്യം നൽകിയതിനാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന നിരക്കുകൾ സംബന്ധിച്ച് കമ്മീഷൻ തെളിവുകൾ തേടി. മെയ് 7ന് വൈകിട്ട് 7ന് മുൻപ് തെളിവുകൾ സമർപ്പിക്കണമെന്ന് നോട്ടീസിൽ പറയുന്നു. ബിജെപി നൽകിയ പരാതിയെ തുടർന്നാണ് നോട്ടിസ്.
മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2019-2023 കാലയളവിൽ സംസ്ഥാനത്ത് നടന്ന അഴിമതിയുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പോസ്റ്ററുകളും പരസ്യങ്ങളും പുറത്തിറക്കിയത് ’40 ശതമാനം കമ്മീഷൻ’ ആരോപണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരസ്യം. ബിജെപിയെ ‘ട്രബിൾ എൻജിൻ’ എന്നാണ് കോൺഗ്രസ് നോട്ടീസിൽ വിശേിപ്പിച്ചിരുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് കലബുർഗി ജില്ലയിലെ ചിറ്റാപുർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക് ഖർഗെയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്.

