ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂർ അശാന്തിയിലേക്ക് നിലംപതിച്ചു; കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മണിപ്പൂരിലെ അക്രമത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂർ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് മണിപ്പൂരിൽ അക്രമങ്ങൾ അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും ഗോത്രവർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ മെയ് 7 ഞായറാഴ്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

സമാധാനപരമായി ജീവിച്ച മണിപ്പൂർ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്. 25 വർഷം കൊണ്ട് മണിപ്പൂർ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതിൽ നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാൽ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.