പുതിയ കഴിവുകള്‍ പഠിക്കുന്നതിനും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിനും തുടങ്ങി സമയം പോകാന്‍ വരെ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. നല്ലൊരു വരുമാനമാര്‍ഗം കൂടിയായതിനാല്‍ യൂട്യൂബിന് ജനപ്രീതിയേറി. എന്നാല്‍, ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുംതോറും പ്ലാറ്റ്ഫോമില്‍ അഴിമതികളും വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ്.
യൂട്യൂബേഴ്സിനെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. യൂട്യൂബിന്റേതെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഉപയോക്താക്കള്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്നതാണ് തട്ടിപ്പുരീതി. ‘യൂട്യൂബ് ടീം ഒരു വീഡിയോ അയച്ചു, യൂട്യൂബ് നയംമാറ്റം’ എന്ന പേരിലാണ് മെയില്‍ എത്തുക. നിയമാനുസൃത യൂട്യൂബ് വിലാസമായ ‘no-reply@youtube.com’-ല്‍ നിന്നാണ് മെയിലുകള്‍ എത്തുന്നത്. പുതിയ ധനസമ്ബാദന നയവും നിയമങ്ങളും ഉപയോക്താക്കളെ അറിയിക്കുന്നതിനാണ് യൂട്യൂബ് ഇമെയില്‍ അയച്ചിരിക്കുന്നതെന്നും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നുമാണ് മെയിലിന്റെ ഉള്ളടക്കം.
കത്ത് അവലോകനം ചെയ്യാനും മറുപടി നല്‍കാനും ഉപയോക്താവിന് 7 ദിവസത്തെ സമയമുണ്ടെന്നും അതിനുശേഷം അവരുടെ അക്കൗണ്ട് ആക്സസ് പരിമിതപ്പെടുത്തുമെന്നും മെയിലില്‍ പറയുന്നു. ഇത്തരം ഇ മെയിലുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അബദ്ധത്തില്‍ പോലും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് യൂട്യൂബ് മുന്നറിയിപ്പ് നല്കുന്നു. അറ്റാച്ച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. മെയില്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ ടാബ് ക്ലോസ് ചെയ്യുകയും വേണമെന്നാണ് മുന്നറിയിപ്പ്. തങ്ങളുടെ ടീം ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും യൂട്യൂബ് വ്യക്തമാക്കി.

