തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
‘മുഖ്യമന്ത്രി പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടത്. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കഴമ്പില്ല. കെല്‍ട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറില്‍ ഗതാഗത വകുപ്പിന് ബന്ധമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയല്‍ കണ്ടത് മന്ത്രിസഭാ യോഗത്തില്‍ വെച്ചാണ്. മറ്റ് മന്ത്രിമാര്‍ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയല്‍ കണ്ടത്. മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ല. സംസ്ഥാനത്ത് എല്‍ഡിഎഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതും മുന്‍പേ നടക്കുന്നതാണ്. ഈ ആരോപണങ്ങള്‍ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാല്‍ എല്ലാ കാലത്തേക്കും കഴിയില്ല. അന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മനസിലാവും’- മന്ത്രി വ്യക്തമാക്കി.
അതേസമയം, ‘മോട്ടോര്‍ വാഹന നിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ല. 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിപ്പിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെക്കും. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാനാവുമോയെന്ന് പരിശോധിക്കും. രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന നിയമമാണിത്. കെഎസ്ആര്‍ടിസിയടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പുതിയ കേന്ദ്ര സ്‌ക്രാപ് പോളിസി അനുസരിച്ച് 15 വര്‍ഷം കഴിഞ്ഞാല്‍ പൊളിക്കണമെന്ന ചട്ടം മാറ്റണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ഇളവ് സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിനും ഇളവ് വേണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

