തൃശൂര്‍ പൂരം: ഇനിയും വേണം സുരക്ഷ

ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് റെക്കോഡ് ജനക്കൂട്ടം എത്തിയതിനാല്‍ ഭരണകൂടവും പൊലീസും ദേവസ്വങ്ങളും വിവിധ വകുപ്പും ചേര്‍ന്ന് അടിയന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പഠിച്ചും ന്യൂനതകള്‍ പരിഹരിച്ചും അടുത്ത വര്‍ഷത്തെ പൂരത്തിനുള്ള പദ്ധതി തയ്യാറാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പാറമേക്കാവിന്റെ കുടമാറ്റത്തിനിടെ ആനകളുടെ കാല്‍ച്ചുവട്ടില്‍ വരെ ജനങ്ങളെത്തുന്ന സ്ഥിതിയുണ്ടായി. ബാരിക്കേഡില്ലാത്തതിനാല്‍ ജനം തിക്കിത്തിരക്കിയെത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത വര്‍ഷവും ഇത് തുടര്‍ന്നാല്‍ വലിയ സുരക്ഷാവീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകും.

അതേസമയം, നാല് ദിവസമായി വിശ്രമമില്ലാതെ ജനക്കൂട്ടത്തിനിടെ ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് മതിയായ വിശ്രമം അനുവദിച്ചില്ലെന്നും വ്യാപക പരാതിയുയര്‍ന്നു. തൃശൂര്‍ പൂരം ഏകോപനത്തില്‍ സംഭവിച്ച പാളിച്ചകളാണ് പൊലീസിന്റെ ലാത്തിയടി അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. അശാസ്ത്രീയവും അമിതവുമായി ബാരിക്കേഡുകള്‍ കെട്ടി ജനത്തെ അനാവശ്യമായി നിയന്ത്രിക്കാന്‍ ശ്രമിച്ചത് തന്നെ പാളിച്ച പ്രകടമാക്കി. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ജനക്കൂട്ടത്തെ വടംകെട്ടി തടഞ്ഞതാണ് ലാത്തിച്ചാര്‍ജിലേക്കും കുടമാറ്റം വൈകുന്നതിലേക്കും വഴിതിരിച്ചെതെന്നാണ് പരാതി. പകല്‍പ്പൂരത്തിന് പിന്നാലെ രാത്രിപ്പൂരത്തിനും പാളിച്ച തുടര്‍ന്നു. അകാരണമായി സ്വരാജ് റൗണ്ട് ബാരിക്കേഡ് കെട്ടിയടച്ചത് പരാതിക്കിടയാക്കി. ‘സ്ത്രീകളും കുട്ടികളും കൂടുതലായി വന്ന സാഹചര്യത്തില്‍ കുടമാറ്റത്തിന് കൂടുതല്‍ സുരക്ഷയും വേണം. തൃശൂര്‍ പൂരത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പൊലീസുകാരെ നിയോഗിക്കുന്നത് നിയന്ത്രണത്തില്‍ തടസമുണ്ടാക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണം’- തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ സുന്ദര്‍മേനോന്‍ പറഞ്ഞു.

അതിനിടെ, ഹോട്ടല്‍ ഉടമകള്‍ അമിതമായി വിലകൂട്ടുന്നത് മുതല്‍, ലോഡ്ജ് മുറികളുടെ വാടക പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നത് അടക്കം പൂരപ്രേമികളെ പിഴിയാനുളള അവസരം ഇനി ഉണ്ടാക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍പോലും തൃശൂരിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ കുറവാണ്. വര്‍ഷംതോറും പൂരത്തിന് ലക്ഷങ്ങളെത്തുന്ന നഗരമായതിനാല്‍ ബാത്ത് റൂമുകളും ടോയ്ലറ്റുകളുമൊന്നും കുളിമുറിയുമൊന്നും ഇത്രപോര. ഇത്തവണ പൂരംനാളിലും പിറ്റേന്ന് പകല്‍പ്പൂരത്തിനുമായി തിരക്കിനിടയില്‍ കുഴഞ്ഞുവീണത് അറുന്നൂറോളം പേരാണ്. പൂരനഗരിയിലെ മെഡിക്കല്‍ ക്യാമ്പുകളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ഇവരെ കൃത്യസമയത്തെത്തിച്ച് അഗ്നിശമനസേനയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും പ്രശംസപിടിച്ചുപറ്റി. ആരോഗ്യ വകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടായിരുന്നു.