മുഖ്യമന്ത്രിയുടെ വിദേശ പര്യടനം: അമേരിക്കക്ക് ശേഷം ക്യൂബ; കേന്ദ്രാനുമതി തേടും

തിരുവനന്തപുരം: ജൂണ്‍ എട്ട് മുതല്‍ പതിനെട്ട് വരെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ക്യൂബയിലേയ്ക്ക് തിരിക്കുമെന്നും ക്യൂബ യാത്രയില്‍ മുഖ്യമന്ത്രിയെ ആരോഗ്യമന്ത്രി അനുഗമിക്കുമെന്നുമാണ് വിവരം. യാത്രാ അനുമതിയ്ക്കായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.

സ്പീക്കറും ധനമന്ത്രിയുമടക്കമുള്ള പതിനൊന്നംഗ സംഘമാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന്റെ ഭാഗമാവുക. അമേരിക്കയില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തിലും ലോക ബാങ്കുമായി നടത്തുന്ന ചര്‍ച്ചയിലും സംഘം പങ്കെടുക്കും.

അതേസമയം അബുദാബിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദര്‍ശന യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചിരുന്നു. ഇന്‍വെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.