‘എങ്ങനേയും ക്ഷേമപെന്‍ഷന്‍ മുടക്കണമെന്ന് കരുതുന്നവരുണ്ട്’: മുഖ്യമന്ത്രി

കൊല്ലം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ 2016 ന് മുന്‍പ് മാസങ്ങളും വര്‍ഷങ്ങളും കുടിശിക ആയിരുന്നുവെന്നും ഇപ്പോള്‍ കുടിശികയില്ലാതെ എത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘ഇതോടെ എല്ലാവരും സന്തോഷത്തിലാണ്. എന്നാല്‍, എങ്ങനേയും ക്ഷേമപെന്‍ഷന്‍ മുടക്കണമെന്ന് കരുതുന്നവരുണ്ട്. സഹകരണ മേഖലയില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍ നിന്നുള്ള വായ്പ സ്വീകരിച്ച് പെന്‍ഷന്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും അത്തരം ആഗ്രഹമുണ്ടായിരുന്നു. സംസ്ഥാനത്ത് ദേശീയപാതാ വികസനം പരിതാപകരമായ അവസ്ഥയിലായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നല്ല റോഡുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് അതുണ്ടായിരുന്നില്ല. കേരളത്തില്‍ ദേശീയ പാത വികസനം നടക്കില്ലെന്നാണ് ജനം കരുതിയത്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതിനെ പറ്റി ജനങ്ങളോട് സംവദിച്ച ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നന്നായി ഇടപെട്ടു. ഇപ്പോള്‍ ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന് തന്നെ കേരളം മാതൃകയെന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വാട്ടര്‍ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. അന്ന് അദ്ദേഹം കേരളത്തെ സംബന്ധിച്ച യത്ഥാര്‍ത്ഥ വസ്തുത ജനങ്ങളോട് തുറന്ന് പറഞ്ഞു. എന്നാല്‍, തലേ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അതായിരുന്നില്ല പ്രധാനമന്ത്രി പറഞ്ഞത്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.