കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഗ്രേഡിങ് സംവിധാനം

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഗ്രേഡിങ് സംവിധാനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. മന്ത്രി ആര്‍.ബിന്ദുവാണ് ബുധനാഴ്ച കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ചട്ടക്കൂട് പുറത്തിറക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന കേന്ദ്രിത റാങ്കിങ് സംവിധാനമൊരുക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ചരിത്രത്തില്‍ അഭിമാനത്തോടെ രേഖപ്പെടുത്തിയ ധന്യമുഹൂര്‍ത്തത്തിന് ഇന്ന് സാക്ഷ്യം വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കിന് തുടക്കം കുറിച്ചു.

രാജ്യത്താദ്യമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന കേന്ദ്രിത റാങ്കിംഗ് സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്, ഇതോടെ കേരളത്തില്‍.

നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (കെഐആര്‍ എഫ്).

എന്‍ഐആര്‍എഫിന് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്) തത്തുല്യമായ ഈ സംവിധാനത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തര്‍ദേശീയവുമായ ഉയര്‍ന്ന റാങ്കിംഗിന് സജ്ജമാക്കുകയാണ് നാം.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിന്റെ മുഖമുദ്രയായി കെഐആര്‍ എഫ് മാറും. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കും ഈ മുന്‍കൈ ആക്കം കൂട്ടും.