തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആയി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് തീവണ്ടികളുടെ വേഗം കൂട്ടാനായി റെയിൽപാളത്തിൽ അഴിച്ചുപണികൾ തുടങ്ങിയെന്നാണ് വിവരം. ആദ്യഘട്ടത്തിൽ 130 കിലോമീറ്റർ വേഗത കൈവരിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ റെയിൽപാതയിലെ വളവുകൾ കണ്ടെത്താനുള്ള സർവേ റിപ്പോർട്ട് ഈ മാസം തന്നെ സമർപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തിരുവനന്തപുരം – ആലപ്പുഴ- കൊച്ചി, തിരുവനന്തപുരം – കോട്ടയം- കൊച്ചി, കൊച്ചി- മംഗലാപുരം റൂട്ടുകളിലാണ് സർവ്വേ നടക്കുക. കാലാവസ്ഥ അനുകൂലം ആണെങ്കിൽ ഒരാഴ്ച കൊണ്ട് സർവ്വേ പൂർത്തിയാകും. വളവുകൾ നികത്താൻ ഭൂമി ഏറ്റെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിലെ പാതയോട് ചേർന്ന് തന്നെയാണ് ഇതെന്നതിനാൽ തടസ്സം ഉണ്ടാകാൻ സാധ്യതയില്ല. 6 മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച രൂപരേഖ സർക്കാരിന് നൽകും. പിന്നീട് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കും. രാജമെമ്പാടും റെയിൽ പാളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരിക്കും കേരളത്തിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
53 പാതകളിലാണ് നിലവിൽ രാജ്യത്ത് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ രണ്ട് പാതകളാണ് കേരളത്തിൽ നിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ സിഗ്നലിംഗ് സംവിധാനം, വളവുനികത്തിൽ, പാലത്തിന്റെയും പാളത്തിന്റെയും അറ്റകുറ്റപ്പണി എന്നിവയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. രണ്ട് ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങളിൽ 160 കിലോമീറ്റർ ആയി വേഗം കൂട്ടാൻ ഉള്ളവയെ എ കാറ്റഗറി എന്നും 130 കിലോമീറ്റർ ആയി വേഗം കൂട്ടാൻ ഉള്ളവയെ ബി കാറ്റഗറി എന്നും തരംതിരിച്ചിട്ടുണ്ട്.
അതേസമയം, ഘട്ടം ഘട്ടമായി ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

