ന്യൂഡൽഹി: സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി പൂർത്തിയായി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
3862 ഇന്ത്യാക്കാരെയാണ് ഇതുവരെ സുഡാനിൽ നിന്നും ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കടുത്ത പ്രതിസന്ധികൾക്കിടയിലും ദൗത്യത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി.
വെള്ളിയാഴ്ച്ച 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ ഒഴിപ്പിച്ചു. ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയാക്കിയത് പത്ത് ദിവസം കൊണ്ടാണ്.

