ന്യൂഡൽഹി: സ്വർണം വാങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്ക സ്വർണത്തിന്റെ പരിശുദ്ധിയാണ്. സ്വർണം വാങ്ങുമ്പോൾ എപ്പോഴും അതിന്റെ പരിശുദ്ധി ശ്രദ്ധിക്കണം. സ്വർണത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നത് 24 കാരറ്റാണ്. സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധിയെ പറ്റി ചിന്തിക്കുന്നവർക്ക്, സുരക്ഷിതമായി സ്വർണം വാങ്ങാൻ കേന്ദ്രസർക്കാറിനെ സമീപിക്കാം. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഗവ. മിന്റിൽ നിന്ന് നേരിട്ട് സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങാൻ കഴിയുന്നതാണ്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്ക് പ്രകാരം സാക്ഷ്യപ്പെടുത്തിയവയാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള മിന്റിലെ സ്വർണ നാണയങ്ങൾ. 5 ഗ്രാം, 10 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള സ്വർണ, വെള്ളി നാണയങ്ങൾ ഇവിടെ നിന്നും വാങ്ങാം. മിന്റ് പ്രവർത്തിക്കുന്നത് സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള മിനിരത്ന കമ്പനിക്ക് കീഴിലാണ്. മിന്റുകളിൽ നിന്ന് വാങ്ങാൻ കഴിയുന്നത് 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണമാണ്.
കേന്ദ്ര സർക്കാറിന്റെ മിന്റ് എന്ന വെബ്സൈറ്റിൽ നിന്നോ വില്പന ശാലകളിൽ നിന്ന് നേരിട്ടോ സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങാം. ഗവൺമെന്റ് മിന്റിന് വില്പന ശാലകളുള്ളത്.ഡൽഹി, നോയിഡ, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നി അഞ്ച് നഗരങ്ങളിലാണ്. www.indiagovtmint.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും സ്വർണം വാങ്ങാം.

