ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന മുഴുവന്‍ വിമാന സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കി. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങള്‍ സര്‍വിസ് നടത്തേണ്ടതായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി ദേശീയ കമ്പനി നിയമ തര്‍ക്കപരിഹാര കോടതി (എന്‍.സി.എല്‍.ടി) ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം വൈകാതെ മടക്കി നല്‍കുമെന്നും വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സിംഗപ്പൂര്‍ കോടതി ഉത്തരവിട്ടെങ്കിലും ‘പി ആന്‍ഡ് ഡബ്ല്യു’ എന്ന വിമാന നിര്‍മ്മാണ കമ്പനി ‘ഗോ ഫസ്റ്റി’ന് എന്‍ജിനുകള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ‘ഗോ ഫസ്റ്റ്’ മേധാവി കൗശിക് ഖോന ജീവനക്കാര്‍ക്കുള്ള അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

