ന്യൂഡൽഹി: ദ കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതാണെന്ന് സുപ്രീം കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നിർദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്.
അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കൂടാതെ തമിഴ്നാട് സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സംസ്ഥാന സെൻസർ ബോർഡുകൾക്കും ചിത്രം പ്രദർശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നെങ്കിലും ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടിരുന്നില്ല.

