ഇംഫാല്‍: മണിപ്പൂരിലെ അക്രമം തടയുന്നതിനായി വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മെയ് 3ന് നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
മാര്‍ച്ചിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുണ്ടായ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനാലാണ് വെടിവെപ്പ് നടത്താന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് മണിപ്പുര്‍ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.
അതേസമയം, അക്രമവും തീവെപ്പും അടക്കമുള്ളവ വ്യാപകമായി അരങ്ങേറിയതിനാല്‍ നിരവധി ജില്ലകളില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

