ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയാണ് മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുന്നത്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിരിക്കുകയാണ്. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. സംഘർഷത്തിൽ മരണം സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷങ്ങൾക്ക് കാരണം രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ്. അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അക്രമങ്ങൾ വർദ്ധിച്ചതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് സൈന്യം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് ആളുകളെ മാറ്റിപാർപ്പിക്കുന്നത്. അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിലെ സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്‌സിംങ് താരം മേരി കോം രംഗത്തെത്തി.തന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂവെന്ന് മോരി കോം ആവശ്യപ്പെട്ടു. മണിപ്പൂരിലെ സംഘർഷത്തിന്റെ ചിത്രങ്ങളും മേരികോം പങ്കുവെച്ചു.

