ന്യൂഡൽഹി: ബിബിസിക്ക് സമൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിലാണ് ബിബിസിയ്ക്ക് സമൻസ് ലഭിച്ചത്. ഡൽഹിയിലെ രോഹിണി കോടതിയാണ് ബിബിസിയ്ക്ക് സമൻസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിലാണ് നടപടി. വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചു.
രേഖാമൂലമുള്ള മറുപടി 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദേശം. ഈ മാസം 11ന് കേസിൽ കോടതി വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയോ, ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ബിനയ് കുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ആർഎസ്എസിനും വിഎച്ച്പിക്കുമെതിരായ ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന ഉള്ളടക്കം ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്നും, സംഘടനകളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ഹർജിയിൽ വാദിക്കുന്നു.
വിക്കിപീഡിയയിലും യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ ലൈബ്രറിയിലും ഡോക്യുമെന്ററി ഇപ്പോഴും ലഭ്യമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

