പൂഞ്ച് മാതൃകയിൽ രാജ്യത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; നിരീക്ഷണം ശക്തമാക്കി

ശ്രീനഗർ: രാജ്യത്ത് തീവ്രവാദികൾ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പൂഞ്ച് മാതൃകയിൽ രാജ്യത്ത് വീണ്ടും ആക്രമണം നടത്താനാണ് പാകിസ്ഥാൻ ഭീകരർ പദ്ധതിയിടുന്നത്. ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. ജി 20 സമ്മേളനത്തെ തടസപ്പെടുത്താനും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുമാണ് പൂഞ്ച് മാതൃകയിൽ മറ്റൊരു ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. കശ്മീരിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

2022 ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി 20യുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഈ മാസം ശ്രീനഗറിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങൾ അമിത് ഷാ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിനും ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ ഏജൻസികളുടെയും ഭരണകൂടത്തിന്റെയും ശ്രമങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു.