അരിക്കൊമ്പൻ ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായ നേട്ടം; ദൗത്യസംഘത്തിന് അഭിനന്ദനവുമായി ഹൈക്കോടതി

കൊച്ചി: മിഷൻ അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ദൗത്യസംഘത്തിന് അഭിനന്ദനവുമായി ഹൈക്കോടതി. അരിക്കൊമ്പൻ ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ഹൈക്കോടതി അയച്ച അഭിനന്ദന കത്തിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരാണ് കത്തയച്ചത്. കുങ്കിയാനകളുടെ പാപ്പാൻമാർ ഉൾപ്പെടെ ദൗത്യസംഘത്തിലെ മുഴുവൻ ആളുകളുടെയും പേര് പരാമർശിച്ചാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്തിനും രാജ്യത്തിനാകെയും അഭിമാനകരമായ നേട്ടമാണിത്. ഒരു കാട്ടാനയെ ജീവിതകാലം മുഴുവൻ ബന്ധനത്തിൽവെക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടാൻ കഴിഞ്ഞു. ദൗത്യത്തിലുടനീളം വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ആനയോട് കാണിച്ച കരുതലും സഹാനുഭൂതിയും മാനവികതയുടെ അടയാളമാണെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്.

ഭൂമിയിലെ മറ്റു ജീവികളുടെ താൽപ്പര്യങ്ങളെ കൂടി അനുഭാവപൂർവം പരിഗണിച്ച് വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ മനുഷ്യ നിയന്ത്രണം സാധ്യമാണെന്ന് ലോകത്തിനാകെ കാണിച്ചുകൊടുക്കാൻ ദൗത്യത്തിലൂടെ കഴിഞ്ഞു. വനംവകുപ്പിലെ വരുന്ന തലമുറയും മാതൃകയാക്കേണ്ടതാണ് ദൗത്യസംഘത്തിന്റെ പ്രവർത്തനമെന്നും കത്തിൽ പറയുന്നു.