കൊച്ചി: യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറുപള്ളികള്‍ കൂടി രണ്ടുമാസത്തിനകം ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി.
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളികളെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, കൈമാറാന്‍ ഉത്തരവിട്ട പള്ളികളിലെ ഭൂരിഭാഗം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണെന്നും വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. ഈ ആറ് പള്ളികളില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ നാമമാത്രമാണ്. അതിനാല്‍ത്തന്നെ ഇത് നീതിനിഷേധമാണ്. നിലവില്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്ന ചില നടപടികള്‍ പ്രശ്നപരിഹാരത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

