ദി കേരള സ്റ്റോറി സിനിമ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുത്; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ചെന്നൈ: ദി കേരള സ്റ്റോറി സിനിമ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് മുന്നറിയിപ്പ്. രഹസ്യാനേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകി.

ദി കേരളാ സ്‌റ്റോറി സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതിഷേധം ഉയർന്നത് തമിഴ്‌നാട്ടിൽ നിന്നായിരുന്നു. സിനിമയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത് ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകനാണ്.

രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്‌നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കൂടാതെ തമിഴ്‌നാട് സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സംസ്ഥാന സെൻസർ ബോർഡുകൾക്കും ചിത്രം പ്രദർശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നെങ്കിലും ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടിരുന്നില്ല.