എഐ ക്യാമറ വിവാദം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയുള്ള കൂടുതല്‍ രേഖകള്‍ പുറത്ത്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തില്‍ വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

നിരത്തിലെ നിയമലംഘനം പിടികൂടാന്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണെന്നും പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തായിട്ടുണ്ട്. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മിലുള്ള ഇടപാടുകളുടെ രേഖകളും പുറത്ത് വന്നു. കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലാണ് പ്രകാശ് ബാബുവിന്റെ പേരുള്ളത്.

2018ല്‍ കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. ട്രാഫിക്ക് ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്‌കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്. അതേസമയം, കെ ഫോണ്‍ അടക്കം മറ്റ് വന്‍കിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.