‘മിണ്ടാതിരുന്നാല്‍ കിട്ടുന്ന സ്ഥാനമാനങ്ങള്‍ എനിക്കാവശ്യമില്ല’: കെ.ബി ഗണേഷ് കുമാര്‍

പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നാല്‍ കിട്ടുന്ന സ്ഥാനമാനങ്ങള്‍ തനിക്കാവശ്യമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷ് കുമാറിന്റെ വാക്കുകള്‍

‘അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെതിരെ പ്രതികരിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അര്‍ഥം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതാണ്. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനു പകരം, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനീതിക്കെതിരെയും അന്യായത്തിനെതിരെയും പ്രതികരിക്കുന്നവരാകണം. എന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം അവിടെ പറഞ്ഞാല്‍ മാത്രമേ ലോകം അറിയൂ. ഭരണകര്‍ത്താക്കള്‍ അറിയൂ. ഞാന്‍ പത്തനാപുരത്ത് പത്രസമ്മേളനം വിളിച്ചാല്‍, അല്ലെങ്കില്‍ കൊല്ലത്തു ചെന്ന് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചാല്‍, മാധ്യമങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍ മതി. നിയമസഭയിലാകുമ്പോള്‍ ആ കുഴപ്പമില്ലല്ലോ. അവിടെ പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കും, മറ്റു മന്ത്രിമാര്‍ കേള്‍ക്കും, എംഎല്‍എമാരും കേള്‍ക്കും. അവരെല്ലാവരും ആ വിഷയത്തില്‍ താല്‍പര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നത്. അവിടെ ചെന്ന് മിണ്ടാതിരുന്നാല്‍ ചിലപ്പോള്‍ പിടിച്ച് മന്ത്രിയാക്കും. അങ്ങനെ ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല. മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും എനിക്കു വേണ്ട. പൊതുജനം കഴുതയല്ല എന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം. കേരള കോണ്‍ഗ്രസുകാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യണം, പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കണം. അങ്ങനെ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ചില നേതാക്കന്‍മാരോട് ഞാന്‍ കയര്‍ത്തു സംസാരിക്കേണ്ടി വരുന്നത്. നിങ്ങള്‍ക്ക് വിഷമം തോന്നാന്‍ വഴിയുണ്ട്. ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ പറഞ്ഞതാണ്. അത് മാറ്റിപ്പറയില്ല. കേരളത്തില്‍ സ്‌കൂട്ടറില്‍ കുട്ടികളെ ഇരുത്തിക്കൊണ്ടു പോയാല്‍ ഫൈന്‍ അടിക്കുമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു രാഷ്ട്രീയക്കാരന്‍ ഞാന്‍ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്ക് ഇതു കേള്‍ക്കുമ്പോള്‍ ദേഷ്യം വരില്ലേയെന്ന് പിന്നീട് പലരും എന്നോടു ചോദിച്ചു. ഞാന്‍ പറഞ്ഞു, എന്തിന് ദേഷ്യപ്പെടണം? സത്യം പറയുമ്പോള്‍ ഇത്ര ദേഷ്യം വരാന്‍ എന്തിരിക്കുന്നു? ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതായത് ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. ആ ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രി കേട്ടത്. ഈ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞു. ആ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം. അദ്ദേഹം അത് ചെയ്യാമെന്നും പറഞ്ഞു. നിയമസഭയില്‍ പോയി പേടിച്ച് കാലിനിടയില്‍ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത്? വാഴപ്പാറയില്‍ താമസിക്കുന്ന ഷീബയുടെ വയറ്റില്‍നിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം? ഇവിടെ നിങ്ങള്‍ അനൗണ്‍സ് ചെയ്തത് എന്താണ്? പത്തനാപുരത്തിന്റെ ശബ്ദം നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കാന്‍ എന്നല്ലേ? ഗണേഷ് കുമാര്‍ നിയമസഭയില്‍ പോയി അരികിലിരുന്ന് അലവന്‍സും വാങ്ങി മിണ്ടാതെ പോരട്ടെ എന്നല്ലല്ലോ പറഞ്ഞത്. ഗണേഷ് കുമാറിന് നിയമസഭയില്‍ പോകാനും അവിടെ പോയി മിണ്ടാതിരിക്കാനും വോട്ടു ചെയ്യാം എന്നും ആരും പറയുന്നില്ല. ഇവിടുത്തെ ആള്‍ക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം. അതിന് ആരും പിണങ്ങേണ്ട കാര്യമില്ല. അന്ന് അതു പറഞ്ഞതുകൊണ്ട് ആ സഹോദരി സുഖം പ്രാപിച്ചു.’