കോടതി വിധി; മീഡിയവണ്ണിന്റെ ലൈസൻസ് പുതുക്കി നൽകി കേന്ദ്ര കേന്ദ്ര

ന്യൂഡൽഹി: മീഡിയവണ്ണിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പത്ത് വർഷത്തേയ്ക്കാണ് ലൈസൻസ് പുതുക്കി നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. നാലാഴ്ചയ്ക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി നൽകിയിരുന്ന നിർദ്ദേശം.

മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ വർഷം ജനുവരി 31-നായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസില്ലെന്നതിന്റെ പേരിലായിരുന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം വിലക്കിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവച്ചതോടെയാണ് മീഡിയവൺ സുപ്രിംകോടതിയെ സമീപിച്ചത്. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊർജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം അനിവാര്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.