മൗലികവാദത്തിലെത്തിയ പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുമായി മൂന്ന് അമ്മമാര്‍ എന്നെ സമീപിച്ചിരുന്നു: തരൂര്‍

‘ദ കേരള സ്റ്റോറി’ സിനിമയുടെ ഉള്ളടക്കത്തെ എതിര്‍ത്ത ശശി തരൂര്‍ എംപിയുടെ നിലപാടിനെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ തന്നെ 2021ലെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി തരൂര്‍ രംഗത്ത്.

ഭര്‍ത്താക്കന്‍മാരുടെ പ്രേരണയാല്‍ അഫ്ഗാനിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ മൂന്ന് പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെ സമീപിച്ചുവെന്നും ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി കൂടികാഴ്ച നടത്തുമെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ‘ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം. പക്ഷേ, ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല’ എന്ന പരാമര്‍ശത്തോടെ കഴിഞ്ഞ ദിവസം സിനിമയെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെയാണ് പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

അതേസമയം, ‘കേരള സ്റ്റോറി സിനിമയെ സംബന്ധിച്ചുള്ള തന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് കരുതിയാണ് ഒരുപാട് പേര്‍ 2021 ലെ ട്വീറ്റ് എന്റെ ട്വീറ്റ് പ്രചരിപ്പിക്കുന്നത്. മൗലികവാദത്തിലെത്തിയ പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുമായി മൂന്ന് അമ്മമാര്‍ തന്നെ സമീപിച്ചിരുന്നു. നാലാമത് ഒരു കേസിനെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ മക്കളെക്കുറിച്ചുള്ള ആശങ്കകളും താന്‍ പുറത്തുപറഞ്ഞു. എന്നാല്‍, ഈ നാല് കേസുകള്‍ സിനിമാ പ്രവര്‍ത്തകരുടെ 32,000 കേസുകള്‍ എന്ന അവകാശ വാദത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഇന്ത്യന്‍ ഏജന്‍സികളുടെയും പാശ്ചാത്യ ഏജന്‍സികളുടെയും കണക്ക് പ്രകാരം ഐസിസിലുള്ള ഇന്ത്യക്കാരുടെ എണ്ണം മൂന്നക്കം പോലും എത്തുന്നില്ലെന്നും യാഥാര്‍ഥ്യം വളച്ചൊടിക്കുന്നതിനാലാണ് എതിര്‍ക്കപ്പെടുന്നത്’-തരൂര്‍ കുറിച്ചു.