എ ഐ ക്യാമറ ഇടപാട്; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. എ ഐ ക്യാമറാ ഇടപാടിൽ ടെൻഡർ ലഭിച്ചയാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത് ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണെന്നാണ് ശോഭയുടെ ആരോപണം.

ബിനാമി ബന്ധം തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകും. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ അറിയിച്ചു.

ബിജെപി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തിനും ശോഭ മറുപടി നൽകി. ഇക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്നാണ് ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ശോഭ വിമർശനം ഉന്നയിച്ചു. പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശൻ. തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.