കണ്ണൂർ: കേരളാ സ്റ്റോറി സിനിമക്കൈതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ദ കേരളാ സ്റ്റോറി സിനിമ ഉണ്ടാക്കിയതിന് പിന്നിലെന്ന് അദ്ദേഹം വിമർശിച്ചു. അത് നാടിന് ആപത്താണെന്നും ജനം അത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത സംഭവത്തെ ഉള്ളതാക്കി സിനിമയിലൂടെ ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ആശയത്തെ നിരോധന നിയമം കൊണ്ട് ഇല്ലാതാക്കാനാവില്ല. സംഘടനകളെയും ഇങ്ങനെ ഇല്ലാതാക്കാൻ കഴിയില്ല. കേരളാ സ്റ്റോറിയുടെ വസ്തുത വിശദീകരിച്ച് ജനങ്ങളെ ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. കേരളാ സ്റ്റോറിക്ക് ഒരു ലക്ഷ്യമുണ്ട്. കേരളം മതേതര ജനാധിപത്യ സംസ്ഥാനമാണ്. ഏഴ് വർഷത്തിനിടെ ഇവിടെ മതസ്പർദ്ധയും ശത്രുതയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
നേതാക്കൾ പ്രസംഗിക്കുന്നത് ഓരോ കാലഘട്ടത്തിലും അന്ന് ഉയർന്നുവരുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു സംഘർഷം നടന്ന സ്ഥലത്ത് സംഘർഷം വ്യാപിക്കാതിരിക്കാൻ നിലപാടെടുക്കും. ഹ്രസ്വ കാലത്തേക്കുള്ള പ്രശ്‌നം വ്യാപിക്കാതിരിക്കാൻ സ്വീകരിക്കുന്ന പൊതുനിലപാടിന്റെ ഭാഗമായി പ്രസംഗിക്കുന്നത് സ്വാഭാവികമാണ്. അത് മൺമറഞ്ഞ നേതാക്കളുടെ പ്രസംഗമെടുത്താലും കാണാം. ഇഎംഎസ് ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അതിനൊരു രാഷ്ട്രീയമുണ്ട്. ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ വിഎസിന്റെ പ്രസംഗം ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

