തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മ്മാതാക്കള്‍ രംഗത്ത്. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേര്‍ എന്നാക്കി സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ മാറ്റം വരുത്തി.
അതേസമയം, മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിന്റെ പുതിയ ഡിസ്‌ക്രിപ്ഷന്‍. എന്നാല്‍, പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
അതിനിടെ, ‘ദി കേരള സ്റ്റോറി’ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്നയും അടങ്ങിയ സുപ്രീം കോടതി ബഞ്ചിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. വിദ്വേഷ പ്രസംഗക്കേസില്‍ പ്രത്യേക അപേക്ഷ ഫയല്‍ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയില്‍ കൊണ്ടുവരാന്‍ പരാതിക്കാരന്‍ ശ്രമിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ബഞ്ച് വിസമ്മതിച്ചു.

