മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയ സമയത്ത് തന്നെ കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി. മദനിക്ക് കേരളത്തില്‍ നില്‍ക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

അതേസമയം, മദനിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കഴിഞ്ഞ തവണ മദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആ സ്ഥാനത്ത് 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപില്‍ സിബല്‍ ഉന്നയിച്ചു.