ബംഗളൂരു: തന്നെ 91 തവണ കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത്.
‘കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണം. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കള്‍ വന്നത്. പക്ഷേ, വന്നിട്ട് കര്‍ണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കര്‍ണാടകയ്ക്കു വേണ്ടി താങ്കള്‍ എന്ത് ചെയ്‌തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയണം. യുവജനങ്ങള്‍ക്കു വേണ്ടി വിദ്യാഭ്യാസ രംഗത്തിന് വേണ്ടി ആരോഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല. അത് കര്‍ണാടകയിലെ ജനങ്ങള്‍ക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസ് താങ്കളെ 91 തവണ അധിക്ഷേപിച്ചെന്ന് താങ്കള്‍ പറയുന്നു. പക്ഷേ, കര്‍ണാടകയിലെ ജനങ്ങള്‍ക്കായി താങ്കള്‍ എന്ത് ചെയ്‌തെന്ന് പറയാന്‍ കഴിയുന്നില്ല. അടുത്ത പ്രസംഗത്തിലെങ്കിലും അക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം’-രാഹുല്‍ വ്യക്തമാക്കി.

