സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് പരാതിയുമായി എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നാളെ ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കും. സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഗോവിന്ദന്റെ നിയമ നടപടി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് ബംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദന്‍ അറിയിച്ചുവെന്ന് സ്വപ്ന സുരേഷ് തന്റെ ഫേസ്‌സ്ബുക്കിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എം.വി ഗോവിന്ദന്‍ കോടതിയില്‍ പരാതി നല്‍കുന്നത്. സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിന്റെ മറുപടി ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നല്‍കുന്നത്.