ന്യൂഡൽഹി: വിവാഹമോചനവുമായി ബന്ധപ്പെട്ട നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഈ കാലാവധി ഒഴിവാക്കുക എന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കൃഷ്ണൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
വിവാഹമോചനത്തിന് ശേഷം ജീവനാംശം, കുട്ടികളുടെ മേലുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിലും സുപ്രീംകോടതി നിരീക്ഷണം നടത്തി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 പ്രകാരമാണ് കോടതി വിവാഹമോചനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച മാർഗരേഖയും സുപ്രീംകോടതി പുറപ്പെടുവിച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാൻ കഴിയാത്ത തകർച്ചയിൽ എത്തിയാൽ വിവാഹബന്ധം വേർപെടുത്താമെന്നാണ് കോടതി അറിയിച്ചത്.

