ന്യൂഡല്‍ഹി: നിയമങ്ങള്‍ക്കനുസൃതമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് വിശദീകരിച്ചു. ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും ബംഗളൂരുവിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് ശേഷമാണ് കമ്പനിയുടെ വിശദീകരണം.
അതേസമയം, ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. ‘കമ്പനിയുടെ വിദേശ ഇടപാടുകളെല്ലാം കൃത്യമായ രീതിയില്‍ പരിശോധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. വളര്‍ച്ചയുടെ ഭാഗമായി കമ്പനി ചില വിദേശ കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇതിനായി വിദേശ പണമിടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രേഖകളോടെ നിയമപരമായിട്ടാണ് ഇത്തരം ഇടപാടുകള്‍ നടത്തിയത്. അന്വേഷണ ഏജന്‍സിയും അധികൃതരും പരിശോധനകള്‍ക്കൊടുവില്‍ ഇതേ നിഗമനത്തിലേക്ക് എത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ജീവനക്കാര്‍ക്കായി എഴുതിയ കത്തില്‍ ബൈജൂസ് വിശദീകരിച്ചു. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ചു നടന്ന പരിശോധനയില്‍ ചില രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചിരുന്നു.
എന്നാല്‍, 2020-21 മുതല്‍ കമ്പനി സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി ആരോപിച്ചിരുന്നു. 2011 മുതല്‍ ഇതുവരെ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 9,754 കോടി രൂപ പല രാജ്യങ്ങളിലായി വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി വിലയിരുത്തിയിരുന്നു.

