തിരുവനന്തപുരം: ജനകീയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും തടയിടാനായി പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊതുമുതൽ നശീകരണ നിയന്ത്രണ നിയമം സംബന്ധിച്ച സുപ്രീംകോടതി നിർദേശം മറയാക്കിയാണ് പുതിയ നീക്കം നടപ്പിലാക്കുന്നത്. സമരങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നു എന്ന പേരിൽ ഇനി പോലീസിന് ജനങ്ങളെ പിടികൂടാൻ കഴിയുന്ന തരത്തിൽ പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്.
സമരത്തിലെ പ്രതികൾ 24 മണിക്കുറുകൾക്കകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. നഷ്ടപരിഹാരം നൽകാതെ ജാമ്യം ലഭിക്കുകയും ചെയ്യില്ല. സമരമുണ്ടായാൽ അതിന് നേതൃത്വം നൽകുന്ന നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അല്ലങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ആൾക്കൂട്ട ആക്രമണം ഉണ്ടായാൽ നോഡൽ ഓഫിസർമാർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ നിയന്ത്രണം ഏർപ്പെടുത്താമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
മാദ്ധ്യമങ്ങളിൽ നിന്ന് ആക്രമണ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള അധികാരവും പുതിയ ഉത്തരവ് നൽകുന്നു. പ്രകടനത്തിനിടെ ആയുധം കൈവശമുണ്ടെന്ന് തോന്നിയാൽ സംഘർഷമുണ്ടാക്കാനാണെന്ന് കരുതി നടപടി സ്വീകരിക്കും. ജില്ലാ പ്രകടനങ്ങൾക്ക് ജില്ല പൊലീസ് മേധാവിയും സംസ്ഥാന തലത്തിലുള്ളവയ്ക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനും മേൽനോട്ടം വഹിക്കണമെന്നും നഷ്ടപരിഹാരം കെട്ടിവെച്ചാൽ മാത്രമേ ജാമ്യം അനുവദിക്കൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. സംസ്ഥാന പോലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

