ന്യൂഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്‌നാട് സർക്കാർ. അടുത്ത കാലത്തൊന്നും തമിഴ്‌നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാൻ ലോ കമ്മീഷനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അസഹിഷ്ണുത വളർത്തുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഹർജിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ അനുഛേദം 25 എല്ലാവർക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്നുണ്ട്. തെളിവുകളില്ലാത്ത ആരോപണങ്ങൾ നിരത്തി ഒരു പ്രത്യേക വിശ്വാസത്തെ അപകീർത്തിപ്പെടുത്താനാണ് ഹർജിക്കാരൻ ശ്രമിക്കുന്നതെന്നും തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ആത്മഹത്യ ചെയ്ത 17 വയസ്സുകാരിയുടെ മരണം നിർബന്ധിത മത പരിവർത്തനത്തിന്റെ ഭാഗമായ മാനസിക സമ്മർദ്ദമാണെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ കേസ് സിബിഐ അന്വേഷിക്കുകയാണെന്നും മതപരിവർത്തനത്തിനുള്ള സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമായത് എന്നതിന് തെളിവില്ലെന്നും തമിഴ്‌നാട് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

