യുഎസിലെ ബാങ്ക് തകര്‍ച്ചകളുടെ പശ്ചാത്തലം വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ബാങ്കുകളോട് മൂലധനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്‍ബിഐ ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്‍, ഐഎല്‍ആന്‍ഡ്എഫ്സി പ്രതിസന്ധികള്‍ക്കു ശേഷം ബാങ്കുകള്‍ നല്‍കിയ വായ്പകള്‍ ആര്‍ബിഐ ശക്തമായി നിരീക്ഷിച്ചു വരികയാണ്. കിട്ടാക്കടം ഉള്‍പ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച ധനസ്ഥിതിയിലാണ് ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളുള്ളത്. നിവിലെ സാഹചര്യം തുടര്‍ന്നു കൊണ്ടുപോകുന്നതിനാണ് ആര്‍ബിഐയുടെ ജാഗ്രത.
വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട ബിസിനസ് വായ്പകള്‍ അടക്കം ഈടില്ലാതെ നല്‍കുന്ന റീട്ടെയില്‍ വായ്പകളില്‍ ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വായ്പകളുടെ മൊത്തം വിഹിതം 2020 ജൂണിനു ശേഷം മൂന്ന് ശതമാനത്തിലധികം(300 ബേസിസ് പോയന്റ്) വര്‍ധിച്ചതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു. അതിനാല്‍, നിശ്ചിത പരിധിക്കുള്ളില്‍ തുടരാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിഐയുടെ കണക്കനുസരിച്ച് 2022 ഫെബ്രുവരി മൂതല്‍ 2023 ഫെബ്രുവരി വരെ ഈയിനത്തില്‍ നല്‍കിയ വായ്പകള്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു. ഭവനവായ്പയായി ഈ കാലയളവില്‍ 2.49 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കെയര്‍ റേറ്റിങിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈടില്ലാത്ത വായ്പാ വിപണി 13.2 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.

