പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധം; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപ് നിരവധി ഉദ്യോഗസ്ഥർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 48-ാം വകുപ്പ് പ്രകാരം സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ സിനിമ/സീരിയൽ തുടങ്ങിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ പങ്കെടുക്കാനോ പ്രതിഫലം വാങ്ങാനോ പാടില്ല. ഓഗരാ കല, സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെടാനും സർക്കാർ തലത്തിൽ ഓരോ കേസും പ്രത്യേക പരിശോധനയ്ക്ക് ശേഷം ആയതിന്റെ മെറിറ്റ് അനുസരിച്ച് മാത്രമായിരിക്കും അനുമതി ലഭിക്കുക. സേനാംഗങ്ങളും മിനിസ്റ്റീരിയൽ സ്റ്റാഫും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടും മുൻപ് അവധിക്കായി അനുമതി വാങ്ങണം. അഭിനയിക്കുന്നതിന് അനുമതി ലഭിക്കാൻ അപേക്ഷ നൽകുന്ന ഓരോ ഉദ്യോഗസ്ഥരും അവർ നൽകുന്ന പ്രൊഫോർമയിൽ ഒരുമാസം മുൻപ് അപേക്ഷ നൽകണം. സമയക്രമം പാലിക്കാതെ ലഭിക്കുന്ന അപേക്ഷകൾ അതാത് യുണിറ്റുകളിൽ നിന്ന് തന്നെ മടക്കി നൽകുകയും വേണം.

അപേക്ഷ നൽകിയ ശേഷം മുൻകൂർ അനുമതിയില്ലാതെ കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.