പ്രധാനമന്ത്രി കേരളത്തിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല; മറുപടിയുമായി പിണറായി വിജയൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പ്രധാനമന്ത്രി കേരളത്തിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്നും വസ്തുതകൾ അറിഞ്ഞുകൊണ്ട് കേരളത്തെ ബോധപൂർവം ഇകഴ്ത്തിക്കാണിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസ്, റെയിൽവേ മെഡിക്കൽ കോളേജ്, കോച്ച് ഫാക്ടറി, ശബരി റെയിൽപാത തുടങ്ങിയവയൊന്നും യാഥാർഥ്യമാകാതെ കേരളത്തിന്റെ സ്വപ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഒരു വന്ദേഭാരത് ട്രെയിൻ തന്നതുകൊണ്ട് മാത്രം മറച്ചുവെക്കാൻ ആകുന്നതല്ല കേരളം നേരിടുന്ന വിവേചനവും അവഗണനയും. രണ്ട് ട്രെയിൻ മാത്രമാണ് 9 വർഷംകൊണ്ട് കേരളത്തിന് കിട്ടിയത്. രാജ്യത്ത് 175 നഴ്‌സിങ് കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ല. നഴ്‌സിങ് രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനത്തോട് ഇതിൽപ്പരം അവഗണന ഒരു സർക്കാരിന് കാണിക്കാൻ കഴിയുമോയെന്ന് പിണറായി ചോദിക്കുന്നു.

യുവാക്കൾക്ക് തൊഴിൽ നൽകാൻ സംസ്ഥാനത്തിന് പദ്ധതിയില്ലെന്ന വാദം തെറ്റാണ്. കേരളത്തിൽ മുൻഗണന പാർട്ടി താൽപര്യങ്ങൾക്ക് എന്ന വിമർശനത്തിന് അടിസ്ഥാനമെന്താണ്. ഏതെങ്കിലും ഒരുവിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്. ശത്രുക്കൾ ആരെന്ന് ആർഎസ്എസ് എഴുതിവച്ചത് ജനങ്ങൾക്ക് അറിയാം. പ്രളയത്തിന് രക്ഷാപ്രവർത്തനം നടത്തിയതിന് കേരളത്തിന് ബില്ലയച്ചവരാണ് കേന്ദ്രസർക്കാർ. സഹായമായി നൽകിയ ഭക്ഷ്യധാന്യത്തിന് പോലും പിന്നീട് പണം ചോദിച്ചു. ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് അദ്ദേഹം പരിഹസിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ വിദേശ രാജ്യത്തുള്ളവർ സഹായിക്കാൻ തയ്യാറായപ്പോൾ അതുപോയി വാങ്ങാൻ പോലും കേന്ദ്രം അനുമതി തന്നില്ല. ഇതാണോ കേന്ദ്രത്തിന്റെ സവിശേഷ പരിഗണന. കിഫ്ബിയേയും സഹകരണ ബാങ്കിനേയും വരെ തകർക്കാൻ ശ്രമം നടന്നു. സാമ്പത്തികമായി ഞെരുക്കി കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.