418 ബാറുകള്‍ അനുവദിയ്ക്കാന്‍ 5 കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കൊച്ചി സി.ബി.ഐ യൂണിറ്റിലെ എസ്.പി എ. ഷിയാസാണ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ നിലപാടറിയിച്ചത്. സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറയുന്നത്.
അതേസമയം, 2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം. കെ.എം. മാണി അഞ്ച് കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനായി അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു ഒരു കോടി രൂപ കൈപ്പറ്റി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

