ആർഎസ്എസ് പറയുന്നത് അനുസരിച്ച് തുള്ളുന്ന ഏജൻസിയാണ് സിബിഐ; ഗുരുതരാരോപണവുമായി സിപിഎം

തിരുവനന്തപുരം: സിബിഐക്കെതിരെ ഗുരുതരാരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ് പറയുന്നത് അനുസരിച്ച് തുള്ളുന്ന ഏജൻസിയാണ് സിബിഐ എന്നാണ് എം വി ഗോവിന്ദന്റെ വിമർശനം. ബാർ കോഴ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

സുപ്രീംകോടതി നിർദ്ദേശം നൽകിയാൽ ബാർകോഴ കേസ് അന്വേഷിക്കാം എന്ന് സിബിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ഗോവിന്ദൻ ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. കേന്ദ്രസർക്കാരിന്റെ ഏജൻസിയാണ് സിബിഐ. എന്നാൽ അതിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. അപ്പോൾ പിന്നെ അവർ എന്തൊക്കെ പറയും എന്നതിനെക്കുറിച്ച് അല്പം ധാരണ ഉണ്ടായാൽ മതി. കൂട്ടിലിട്ട തത്ത എന്നെല്ലാം ഇതിനെക്കുറിച്ച് വെറുതെ പറഞ്ഞതല്ലല്ലോ. അതാണ് അതിന്റെ ശരിയായ അർത്ഥമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസി ആയിട്ടാണ് സിബിഐ പ്രവർത്തിക്കുന്നത് എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.