ചെന്നൈക്കെതിരെ പഞ്ചാബിന് നാല് വിക്കറ്റ് ജയം

ചെന്നൈ: ഐ.പി.എല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് വിക്കറ്റ് ജയം. ചെന്നൈ മുന്നോട്ടുവെച്ച 201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബുകാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്ബത് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് അവസാന പന്തില്‍ മൂന്ന് റണ്‍സ് ഓടിയാണ് ണ് വിജയം പിടിച്ചെടുത്തത്. പതിരാന എറിഞ്ഞ സ്ലോ ബാള്‍ സിക്കന്ദര്‍ റാസ സ്‌കൊയര്‍ ലെഗിലേക്ക് തട്ടിയിട്ടപ്പോള്‍ കൂട്ടിനുണ്ടായിരുന്ന ഷാറൂഖ് ഖാനും മത്സരിച്ചോടി വിജയം എത്തിപ്പിടിക്കുകയായിരുന്നു.

ഓപണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (15 പന്തില്‍ 28), പ്രഭ്‌സിമ്രാന്‍ സിങ്ങും (24 പന്തില്‍ 42) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എന്നാല്‍, വണ്‍ഡൗണായെത്തിയ അഥര്‍വ തയ്‌ഡെ 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് പഞ്ചാബിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.