കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച കൊച്ചി വാട്ടര്‍മെട്രോയുടെ ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളില്‍ കയറിയതെങ്കില്‍ ഇന്നലെ 8415 പേര്‍ ഈ സൗകര്യം ഉപയോഗിച്ചു. 6559, 7117, 7922, 8415 എന്നിങ്ങനെയാണ് കഴിഞ്ഞദ ദിവസങ്ങളില്‍ വാട്ടര്‍മെട്രോയില്‍ കയറിയ ആളുകളുടെ എണ്ണം.
ചിത്രപ്പുഴ പാലത്തിനു താഴെ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ്വേക്കു സമീപം ചിറ്റേത്തുകരയിലാണ് കാക്കനാട് ടെര്‍മിനല്‍. വിശാലമായ പാര്‍ക്കിങ് സൗകര്യം ഇവിടെയുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകളുമുണ്ടാകും. കെഎംആര്‍എല്ലിന്റെ അഞ്ച് വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രികര്‍ക്ക് ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വഴി മിനിറ്റുകളുടെ ഇടവേളയില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ് നടത്തും. വൈറ്റില മൊബിലിറ്റി ഹബ്ബ് പരിസരത്തെ ടെര്‍മിനലില്‍നിന്ന് കാക്കനാട് ചിറ്റേത്തുകരയിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കുള്ള ബോട്ട് സര്‍വീസിന് പുറമെയാണിത്. കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററില്‍ രണ്ട് ബോട്ടുകളാണ് തുടക്കത്തില്‍ ഓടുക. രാവിലെ എട്ടുമുതല്‍ പകല്‍ 11 വരെയും വൈകിട്ട് നാലുമുതല്‍ രാത്രി ഏഴുവരെയുമാണ് സര്‍വീസ്. ആറ് ട്രിപ്പുകളാണ് ഉണ്ടാകുക. 23 മിനിട്ടാണ് യാത്രാസമയം. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട്, വൈറ്റില ടെര്‍മിനലുകളില്‍ നിന്ന് ഒരേസമയം സര്‍വീസ് ആരംഭിച്ചാകും തുടക്കം. ഇന്‍ഫോപാര്‍ക്കുവരെ നീളുന്ന സര്‍വീസിന്റെ ആദ്യഘട്ടമായാണ് കാക്കനാട്ടേക്ക് വാട്ടര്‍ മെട്രോ എത്തുന്നത്. എരൂര്‍ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള ടെര്‍മിനലും വൈകാതെ യാഥാര്‍ഥ്യമാകും. എരൂര്‍ ഭാഗത്ത് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
അതേസമയം, കൊച്ചി വാട്ടര്‍മെട്രോ എപ്പോഴും ഹൗസ്ഫുള്ളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ‘ഓരോ ദിവസവും കൂടുതലാളുകള്‍ക്ക് സര്‍വീസ് നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് വാട്ടര്‍മെട്രോ. മികച്ച കണക്ടിവിറ്റിയും ചെലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയുമാണ് വാട്ടര്‍മെട്രോയിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യത്തിനൊപ്പം കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകളും വാട്ടര്‍മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതല്‍ ജട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വാട്ടര്‍മെട്രോ വിപുലീകരിക്കും. കൂടുതല്‍ ബോട്ടുകളും യാത്രക്കാര്‍ക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടര്‍മെട്രോ’- അദ്ദേഹം വ്യക്തമാക്കി.

