ആലപ്പുഴ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന് 100 വർഷം തികയുന്ന 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് എം വി ഗോവിന്ദന്റെ ആരോപണം. സിപിഎം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറിയ ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെയും എം വി ഗോവിന്ദൻ പരിഹസിച്ചു. കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നതു പോലാണ് പ്രധാനമന്ത്രി മോദി ചില ക്രൈസ്തവ പുരോഹിതരുമായി ചർച്ച നടത്തിയത്. ആർഎസ്എസ് എന്താണെന്ന് നന്നായി മനസിലാക്കിയ നാടാണ് കേരളം. മിഷനറി, മുസ്ലിം, മാർക്സിസം എന്നിവയാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നാണ് വിചാരധാര പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

