മറ്റുള്ളവരിൽ നിന്നു കാര്യങ്ങൾ പഠിക്കുന്നതിന് സഹായിച്ചു; ഇന്ത്യക്കാരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മൻ കി ബാത്ത് മറ്റുള്ളവരിൽ നിന്നു കാര്യങ്ങൾ പഠിക്കുന്നതിന് സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സുപറയുന്ന കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് അദ്ദേഹം പറഞ്ഞു. മൻ കി ബാത്ത് രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് സഹായകരമായെന്നും അദ്ദേഹം അറിയിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൻ കി ബാത്ത് രാജ്യത്തിന്റെ ആഘോഷമായി മാറി. മൻ കി ബാത്ത് രാജ്യത്ത് വലിയ തോതിൽ പോസ്റ്റിവിറ്റി കൊണ്ട് വന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി അടുത്തിടപഴകിയിരുന്നുവെന്നും പ്രധാനമന്ത്രിയായപ്പോൾ അതിനുള്ള സാഹചര്യം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൻ കി ബാത്തായിരുന്നു അതിനു പരിഹാരമായതെന്നും പ്രധാനമന്ത്രി അറിയിച്ചു.

ജനങ്ങളുടെ നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് ഈ പരിപാടി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ പ്രചോദനമാകുന്നു. ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് താൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പയിൻ തന്നെ വളരെയധികം സ്വാധീനിച്ചു. പിന്നാലെ മൻ കി ബാത്തിന്റെ എപ്പിസോഡിൽ പരാമർശിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയ്നിൻ ആഗോള തലത്തിൽ പോലും വിജയകരമായത്. ഒരാളുടെ ജീവിതത്തിൽ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു ക്യാമ്പെയ്‌നിന്റെ ലക്ഷ്യമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.