അവാസ്തവമായ ഉള്ളടങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന സിനിമയെ കേരളീയ സമൂഹം തിരിച്ചറിയണം; കേരളാ സ്റ്റോറിക്കെതിരെ കാന്തപുരം

കണ്ണൂർ: കേരളാ സ്റ്റോറിയെന്ന സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി, സമൂഹത്തെ സംശയത്തിന്റെ നിഴലിലാക്കി സാമുദായിക കലഹങ്ങൾ ഉണ്ടാക്കാനും അനൈക്യം സൃഷ്ടിക്കാനും അവാസ്തവമായ ഉള്ളടങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന സിനിമയെ കേരളീയ സമൂഹം തിരിച്ചറിയുകയും നിരാകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന കളളവുമായി ഇപ്പോൾ രംഗത്തിറങ്ങുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ട്. സമൂഹത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്ന ഏതൊരു പ്രവണതയെയും തടുക്കാനും ആശയപരമായി നേരിടാനും എസ് എസ് എഫുകാർ മുന്നിലുണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിന്റെ ആശയത്തിൽ ഉറച്ചുനിൽക്കുകയും ആർക്കും ദ്രോഹം ചെയ്യാതെ, ആരെയും വഞ്ചിക്കാതെ, നന്മകൾ ചെയ്ത് ജീവിക്കുകയെന്നതാണ് ഇരുലോക വിജയത്തിന്റെ നിദാനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ ഉൾക്കൊള്ളുകയും മുൻഗാമികളായ പണ്ഡിതരും സജ്ജനങ്ങളും പ്രവർത്തിച്ചതുപോല മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എഫ് ഒരുമിച്ചുകൂട്ടിയ ഈ വിദ്യാർത്ഥി-യുവ സഞ്ചയത്തെ നേരിൽ കാണാനും സംവദിക്കാനും സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നു, അല്ലാഹുവിനെ സ്തുതിക്കുന്നു. വരുന്ന നവംബറിൽ മുംബൈയിൽ നടക്കുന്ന നാഷണൽ കോൺഫറസിൽ ഏവരുടെയും പങ്കാളിത്തമുണ്ടാവണം. ഈ വിദ്യാർത്ഥി മഹാ സമ്മേളനത്തിന് പിന്നിൽ പ്രവർത്തിച്ച, സാന്നിധ്യം കൊണ്ടും സമ്പത്തുകൊണ്ടും മറ്റും ഇതിന്റെ ഭാഗമായ എല്ലാവർക്കും നന്മകളും പ്രാർഥനകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.