വീണ്ടും പണിമുടക്കി റേഷന്‍ ഇ-പോസ്

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാറ് മൂലം മൂന്നു ദിവസം അടച്ചിട്ട ശേഷം റേഷന്‍ കടകള്‍ ഇന്നലെയും ഭാഗികമായേ തുറന്നുള്ളൂ. ഏഴ് ജില്ലകളില്‍ രാവിലെ മുതല്‍ ഉച്ചവരെയും ബാക്കി ഉച്ചയ്ക്കു ശേഷവുമാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം എല്ലാം സംസ്ഥാനങ്ങളിലും ഇ പോസ് വഴിയാണ് റേഷന്‍ വിതരണം. ഈ മാസത്തെ ഇ പോസ് പണിമുടക്കിന് കാരണം ഹൈദരാബാദിലെ ആധാര്‍ സര്‍വറുമായി ബന്ധപ്പെട്ട ഡേറ്റ മൈഗ്രേഷനാണെന്നാണ് എന്‍.ഐ.സി സര്‍ക്കാരിനെ അറിയിച്ചത്. സെര്‍വറിലെ ഡേറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റാന്‍ രണ്ട് ദിവസം എന്‍. ഐ. സി ആവശ്യപ്പെട്ടതിനാലാണ് കടകള്‍ അടച്ചിട്ടത്.

ഐ.ടി സെല്ലിന്റെ സര്‍വറിലായിരുന്ന ഇ പോസ് മെഷീന്‍, റേഷന്‍ പലപ്പോഴും മുടങ്ങിയതോടെ അഞ്ച് കോടി രൂപയ്ക്ക് പുതിയ സെര്‍വര്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വാങ്ങി. എന്നിട്ടും സുഗമമായില്ല. മാര്‍ച്ച് 10ന് ഭക്ഷ്യന്ത്രി ജി.ആര്‍ അനില്‍ എന്‍.ഐ.സി, ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്ക്, ബി.എസ്.എന്‍.എല്‍ പ്രതിനിധികളുടെ യോഗം വിളിച്ചു. ഏപ്രിലോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പ്ലാന്‍ ചെയ്തെങ്കിലും പരിഹാരമായില്ല.